Dhanushkodri

രാമേശ്വരത്തോടു വളരെ അടുത്തു മണ്ഡപം എന്ന സ്ഥലത്ത് എത്തിയ ഞങ്ങൾ നേരത്തെ പദ്ധതി ഇട്ടതു പോലെ ആ രാത്രി അവിടെ ഒരു റിസോർട്ടിൽ തങ്ങി. കടലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന കബാന എന്ന റിസോർട്ടിൽ കൂടുതലും കണ്ടെയ്നർ മുറികൾ ആണ്. കപ്പലിൽ ചരക്കു കയറ്റുവാനായി ഉപയോഗിക്കുന്ന ഈ കണ്ടെയ്നറുകൾ ഇന്ന് ആളുകൾ റിസോർട്ട് പണിയാനും റസ്റ്റോറന്റുകൾ നിർമിക്കുവാനും ഒക്കെയായി ഉപയോഗിക്കുന്നുണ്ട്.

Cabana Resort, Mandapam

Cabana Resort, Mandapam

ഞങ്ങളുടെ രാമേശ്വരം യാത്രയുടെ കഴിഞ്ഞ ഭാഗം വായിച്ചിട്ടില്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യൂ: അക്കാനിയും ഉപ്പ് പാടങ്ങളും കാറ്റാടിമരത്തോട്ടങ്ങളും


Watch our Rameswaram Video

സുന്ദരമായ ബീച്ചും, ശാന്തമായ പ്രകൃതിയും, പഞ്ചസാര തരികൾ പോലെയുള്ള വെളുത്ത മണൽത്തരികളും, അതിനപ്പുറത്ത് പച്ചകലർന്ന നീലനിറത്തിൽ പരന്നു കിടക്കുന്ന ബംഗാൾ ഉൾക്കടലും ആരെയും ആകർഷിക്കുന്ന ഒരു അന്തരീക്ഷം ആണ്. കണ്ടെയ്നർ മുറികൾക്ക് സൗകര്യം ഒരല്പം കുറവാണ് എന്നതിൽ സംശയം ഇല്ല, പക്ഷെ ഞങ്ങളെപ്പോലെയുള്ള യാത്രാപ്രേമികൾക്കു കുറച്ചു ദിവസം തങ്ങി യാത്ര തുടരുവാൻ ഉള്ള സൗകര്യങ്ങൾ ഇവിടെ ആവശ്യത്തിന് ഉണ്ട്. ഒരു ചെറിയ കുടുംബത്തിന് വേണമെങ്കിലും സന്തോഷമായി ഇവിടെ കൂടാം.

Container Cabin

Container Cabin

അടുത്ത ദിവസം രാവിലെ, ഞങ്ങൾ മണ്ഡപത്തിൽ നിന്ന് പ്രേത നഗരം എന്ന് അറിയപ്പെടുന്ന ധനുഷ്കോടിയും ഹിന്ദു വിശ്വസങ്ങളിലെ പുണ്യസ്ഥലമായ രാമേശ്വരവും സന്ദർശിക്കുവാനായി ഇറങ്ങി. മണ്ഡപത്തിൽ നിന്ന് രാമേശ്വരത്തെ ബന്ധിപ്പിക്കുന്ന കണ്ണി എന്നത് പാമ്പൻ പാലങ്ങൾ ആണ്. പാമ്പൻ പാലങ്ങൾ എന്ന് പറയുവാൻ കാരണം ഇതേ പേരിൽ അവിടെ പണിത റയിൽപ്പാലവും റോഡ് പാലവും ഉള്ളതിനാൽ ആണ്.

View from Pamban Bridge

View from Pamban Bridge

ഞങ്ങൾ റിസോർട്ടിൽ നിന്നും യാത്ര തിരിച്ച്‌ അധികം വൈകാതെ തന്നെ പാമ്പൻ പാലത്തിൽ എത്തി. നീലക്കടലിന്റെ മീതേകൂടി സഞ്ചരിക്കുമ്പോൾ കടലിൽ മത്സ്യബന്ധനത്തിനായി പോവുന്ന അനേകം വഞ്ചികൾ കാണുവാൻ കഴിയും. റോഡ്‌ മാർഗം (പാമ്പൻ പാലം വഴി) നമ്മൾ രാമേശ്വരത്തേയ്ക്കു പോവുമ്പോൾ റയിൽപ്പാലവും കാണുവാൻ കഴിയും. അങ്ങനെ സഞ്ചരിക്കുമ്പോൾ ഒരു ട്രെയിൻ ആ കടൽപ്പാലത്തിലൂടെ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചെങ്കിലും അങ്ങനെ ഉണ്ടായില്ല.

Rajasthani Pilgrims in Dhanushkodi

Rajasthani Pilgrims in Dhanushkodi

ഞങ്ങൾ അങ്ങനെ പാമ്പൻ പാലം താണ്ടി രാമേശ്വരം ടൗണിന്റെ ഒരു വശത്തുകൂടി ധനുഷ്‌കോടി എന്ന ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിലേക്ക് സഞ്ചരിച്ചു. രാമേശ്വരം ടൗണിൽ നിന്ന് ധനുഷ്‌കോടി വരെ 25 കിലോമീറ്ററിൽ കൂടുതൽ ദൂരം ഉണ്ട്. അതിൽ ഭൂരിഭാഗവും സമുദ്രത്തിലേയ്ക്ക് തള്ളി നിൽക്കുന്ന ഭൂമിയിലൂടെയാണ് നമ്മൾ സഞ്ചരിക്കുക.

ഞങ്ങളുടെ വഴിയുടെ ഒരു വശത്ത് ബംഗാൾ ഉൾക്കടലും മറുവശത്ത് ഇന്ത്യൻ മഹാ സമുദ്രവും ആണ്. ബംഗാൾ ഉൾക്കടൽ വളരെ ശാന്തമായി കിടക്കുമ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് തിരകൾ കരയിലേക്ക് ഇരമ്പി വരുന്നത് നമുക്ക് നന്നായി കാണാം. ധനുഷ്‌കോടി എന്നത് പഴയ ഒരു മുക്കുവ ഗ്രാമം ആയിരുന്നു. ഒരിക്കൽ (1964ൽ) ഉണ്ടായ ചുഴലിക്കാറ്റ്‌ ധനുഷ്കോടിയുടെ ഒരു ഭാഗം സമുദ്രത്തിൽ 5 മീറ്ററോളും താഴ്ന്നു പോവുകയും അനേകം നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിനാൽ, ഈ ഗ്രാമം ഉപേക്ഷിക്കപെടുകയാണ് ഉണ്ടായത്.

Fruits for sale

Fruits for sale

ഞങ്ങൾ ധനുഷ്കോടിയുടെ ഏറ്റവും അറ്റം വരെ വാഹനം ഓടിച്ച് അവിടെ വണ്ടി പാർക് ചെയ്തതിനു ശേഷം ബീച്ചിലേക്ക് നടന്നു. ധനുഷ്‌കോടി ബീച്ചിനോട് ചേർന്ന്, ഞങ്ങൾ വാഹനം പാർക്ക് ചെയ്തിടത്ത്, ഒരു അശോക സ്തംഭം പണികഴിപ്പിച്ചിട്ടുണ്ട്. അതിനു ചുറ്റിയാണ് വഴി തിരിഞ്ഞു പോവുക. ബീച്ചിലേക്ക് നടന്ന ഞങ്ങൾ പഴങ്ങളും മലരും വിൽക്കുന്ന കച്ചവടക്കാരെ കണ്ടു. വീണ്ടും മുന്നോട്ടു നടന്ന് അവിടെ ഒരു രാജസ്ഥാനി തീർത്ഥാടക സംഘം പ്രാർത്ഥനാ ഗാനങ്ങൾ ആലപിക്കുന്നതും ആസ്വദിച്ചു.

ഈ സ്ഥലത്ത് സമുദ്രത്തിൽ കുളിക്കുന്നതിനോ ഇറങ്ങുന്നതിനോ അനുവാദം ഇല്ല. നമ്മുടെ രക്ഷയ്ക്കും സമുദ്രത്തിൽ ഇവിടെ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. ഞങ്ങൾ അവിടെ കുറച്ചു നേരം നടന്ന് കണ്ടു. അതിനോടൊപ്പം ഒരു അമ്മയുടെ കയ്യിൽ നിന്നും മാങ്ങയിൽ ഉപ്പും മുളകും തേച്ചത് വാങ്ങി കഴിച്ചു. ചില സമയങ്ങളിൽ ഇവിടെ നിന്ന് ശ്രീലങ്ക കാണുവാൻ പറ്റും എന്ന് ആണ് ആളുകൾ പറഞ്ഞു കേട്ടിരിക്കുന്നത്, പക്ഷെ ഞങ്ങൾക്ക് അങ്ങനെ ഒരു അനുഭവം കിട്ടിയില്ല. അവിടെ മീൻ പിടിക്കുന്ന കുറച്ചു സുഹൃത്തുക്കളെ കണ്ടു.

ബൈക്ക് യാത്രയ്ക്ക് ധനുഷ്‌കോടി പോവുന്ന മലയാളികൾ അനേകർ ആണ്. ഞങ്ങൾക്കും അങ്ങനെ ബൈക്കിൽ വന്ന രണ്ടു മലയാളി സുഹൃത്തുക്കളെ പരിചയപ്പെടുവാൻ പറ്റി. പിന്നീട് ധനുഷ്കോടിയുടെ മുനമ്പിൽ നിന്ന് ഞങ്ങൾ തിരികെ സഞ്ചരിച്ച്, അവിടുത്തെ പ്രേതനഗരത്തിൽ എത്തി.

Dhanushkodi Church

Dhanushkodi Church

ഒരു ഉപേക്ഷിക്കപ്പെട്ട പള്ളിയും അതിനു ചുറ്റും ചെറിയ ചെറിയ കടകളും. കടകളിൽ ശംഖും ചിപ്പിയും മറ്റു ആകർഷക വസ്തുക്കളും വിൽക്കുമ്പോൾ പള്ളി ഒരു അസ്ഥിപഞ്ജരം മാത്രമായി നിൽക്കുന്നു. ഞങ്ങൾ അതിനു ചുറ്റും നടന്ന് കണ്ടു; ഒപ്പം അന്ന് അവിടെ നിന്ന് മാറി താമസിക്കേണ്ടി വന്ന ആളുകളുടെ മാനസികസംഘർഷം ഞങ്ങളുടെ മനസ്സിലും വ്യഥ ഉണ്ടാക്കി.

ധനുഷ്കോടിയിൽ നിന്ന് ഞങ്ങൾ രാമേശ്വരത്തേയ്ക്കാണ് സഞ്ചരിച്ചത്.

തുടരും.

3 2 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
No ratings yet.