നാടൻ കള്ളും രുചിയുള്ള ഭക്ഷണവും വേണോ? എന്നാൽ പിന്നെ അടുത്തുള്ള ഏതെങ്കിലും ഒരു നല്ല കള്ളു ഷാപ്പിലേയ്ക്ക് പോവാം അല്ലെ? തൃപ്പുണിത്തുറയുള്ള മുല്ലപ്പന്തൽ കള്ള് ഷാപ്പ് കേരളത്തിലെ തന്നെ ഏറ്റവും നല്ല കള്ള് ഷാപ്പുകളിൽ ഒന്നായിട്ട് ഓൺലൈൻ മാധ്യമങ്ങൾ പ്രസ്ഥാപിക്കുമ്പോൾ കുറച്ചുപേരെങ്കിലും ഈ കള്ളുഷാപ്പിന്റെ രുചി മോശമായിവരുന്നു, അല്ലെങ്കിൽ വൃത്തി പോരാ, അതുമല്ലെങ്കിൽ വില കൂടുതൽ ആണ് എന്നൊക്കെ അഭിപ്രായം പറയാറുണ്ട്.

2017 മെയ് മാസം ആണ് ഞാൻ ഹാഷ്മിയോടൊപ്പം മുല്ലപ്പന്തൽ ഷാപ്പിലെ രുചി അന്വേഷിച്ച് യാത്ര തിരിച്ചത്. മുല്ലപ്പന്തൽ എന്ന പേരിനെ അർത്ഥവത്താക്കാൻ എന്നപോലെ ഷാപ്പിന്റെ മുൻപിൽ തന്നെ ഒരു വള്ളിമുല്ല നട്ടിട്ടുണ്ടായിരുന്നു. പക്ഷെ മുല്ല അത്രയ്ക്കങ്ങോട്ടു വളർന്ന് പന്തലായിട്ടില്ല. ഏതായാലും ഈ വള്ളിമുല്ലയുടെ അപ്പുറത്തും ഇപ്പുറത്തും ഒക്കെയായി പാർക്കിങ്ങിന് അത്യാവശ്യം സൗകര്യം ഒക്കെ ഉണ്ട് കേട്ടോ.

ഞങ്ങൾ ഷാപ്പിനുള്ളിലേയ്ക്ക് നടന്നു. അകത്തേയ്ക്കു നടക്കുമ്പോൾ തന്നെ ആളുകൾക്ക് ഇരിക്കുവാൻ ഇഷ്ടംപോലെ കസ്സേരകളും മേശകളും കണ്ടു. അത് കണ്ടപ്പോൾ നല്ല തിരക്ക് വരുന്ന കള്ളുഷാപ്പ് ആണ് എന്ന് തോന്നി. പണ്ടുകാലത്തെ പോലെ പുരുഷൻമാർ മാത്രമല്ല കള്ളുഷാപ്പിലെ രുചികൾ ഇഷ്ടപ്പെടുന്നത്; സ്ത്രീകൾ ഉൾപ്പെടുന്ന കുടുംബമായോ, പെൺകുട്ടികൾ ഉൾപ്പെടുന്ന സുഹൃത് കൂട്ടമായോ ആണ് ആളുകൾ കള്ള് ഷാപ്പിൽ എത്തുക. എന്നുവെച്ച് പുരുഷൻമാർ ഒറ്റയ്ക്കോ അവരുടെ തന്നെയായ കൂട്ടമായോ കള്ള് ഷാപ്പിൽ പോവില്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്.

ഞങ്ങൾ നേരെ നടന്നത് അടുക്കളയിലേക്കാണ് (അനുവാദം വാങ്ങിയതിന് ശേഷം). അടുക്കളയിൽ നിലത്തും പാതകത്തിലും ഷെല്ഫുകളിലുമായി നിരന്നിരിക്കുന്ന പാത്രങ്ങൾ കണ്ടപ്പോൾ ഷാപ്പിലെ തിരക്കിൻറെ കാര്യത്തിൽ സംശയം ഒന്നും തന്നെ ഇല്ലാതെയായി. കപ്പ, ചെമ്മീൻ, പോർക്ക്, മീൻ പൊള്ളിക്കാനുള്ള ഫ്രൈ, മീൻ കറി, താറാവ്, ബീഫ്, പുട്ട്, അങ്ങനെ നീളും മുല്ലപ്പന്തലിലെ രുചി വിശേഷങ്ങൾ.

മുല്ലപ്പന്തലിലെ സ്പെഷ്യൽ ഐറ്റം ഏതാണ് എന്ന് ഞാൻ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു സുഹൃത്തിനോട് അന്വേഷിച്ചപ്പോൾ, പോർക്കും, മീൻ പൊള്ളിച്ചതും, മീൻ കറിയും ആണ് എന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും മീൻ പൊള്ളിച്ചതോ മീൻ കറിയോ കഴിക്കുവാനുള്ള ഒരു മനസ്സ് ഇല്ലാഞ്ഞതിനാൽ, ഞങ്ങൾ പോർക്കിനു വേണ്ടി ഓർഡർ ചെയ്തു. കപ്പയും പോർക്കും കുഴപ്പമില്ലാത്ത ഒരു രുചിയായിരുന്നു അവിടെ. പക്ഷെ, പിന്നീട് ഞാൻ ഓർത്തു, ഒരൽപം മീൻ കറി കൂടെ കഴിക്കേണ്ടതായിരുന്നു എന്ന്. രുചിയുടെ കാര്യത്തിൽ മുല്ലപ്പന്തൽ ഷാപ്പാണോ കേരളത്തിലെ ഒന്നാമൻ എന്ന് ചോദിച്ചാൽ അല്ല അന്ന് എനിക്ക് പറയേണ്ടി വരും കാരണം, ഇതിലും നല്ല രുചികൾ ലഭിക്കുന്ന ഷാപ്പുകളിൽ ഞാൻ പോയിട്ടുണ്ട്.

പാർക്കിങ് സൗകര്യം: ഉണ്ട്

കുടുംബസമേതം കഴിക്കുവാൻ പറ്റുമോ? കുടുംബ മുറി ഒക്കെ ഉണ്ട്. കള്ള് ഷാപ്പിൽ പോകുവാൻ കുഴപ്പമില്ല എങ്കിൽ നിങ്ങള്ക്ക് ഫാമിലി റൂമിൽ ഇരുന്നു രുചി ആസ്വദിക്കാം.

ലൊക്കേഷൻ മാപ്: https://goo.gl/maps/t1cup7mp4UYv3cBw5

അഡ്രസ്: MLA Road, Udayamperoor, Thrippunithura, Kochi, Kerala 682307

ഫോൺ നമ്പർ: 0484 2791227

0 0 vote
Article Rating