Munnar Mountains

കേരളത്തിൽ ഈ വർഷം മഴ നന്നേ താമസിച്ചു. മൺസൂൺ റൈഡിനായി കൊച്ചിയിൽ നിന്നും തിരിച്ച ഞങ്ങൾക്ക് മൂന്നാറിൽ എത്തിയതിനു ശേഷം മാത്രമാണ് ഒന്ന് നന്നായി മഴ നനഞ്ഞു ബൈക്ക് ഓടിക്കുവാൻ കഴിഞ്ഞത്.

മൂന്നാറിൽ കാടിനോട് ചേർന്നുള്ള താമസം. ചീവിടിന്റെയും കിളികളുടെയും സംഗീതം മാത്രം നിറഞ്ഞു നിൽക്കുന്ന മധുമന്ത്ര. അവിടെ നിന്നും രാവിലെ മഞ്ഞിലൂടെ ബൈക്ക് ഓടിച്ച് മൂന്നാർ ടൗണും താണ്ടി ഞങ്ങൾ പോയത് ടോപ് സ്റ്റേഷനിലേക്കാണ്.

മൂന്നാറിന്റെ പ്രകൃതി ആസ്വദിക്കുവാൻ അവിടെയുള്ള തേയില തോട്ടങ്ങളിലൂടെ നടന്നാൽ മാത്രം മതി. പക്ഷെ, മൂന്നാറിൽ കാണുവാനും അറിയുവാനും ഒട്ടനേകം കാര്യങ്ങൾ ഉണ്ട്. ഇരവികുളം നാഷണൽ പാർക്കും, കൊളുക്കു മലയും, മീശപ്പുലിമലയും എല്ലാം ഇതിൽ പെടും. മൂന്നാർ ടോപ് സ്റ്റേഷനും ഈ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. എല്ലാത്തിനും പുറമെ, മധുമന്ത്രയിൽ നിന്നും ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയിൽ മറ്റു പല സുന്ദര കാഴ്ചകളും ആസ്വദിച്ച് ആ വളഞ്ഞു പുളഞ്ഞ വഴികളിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന ആ ആഹ്ലാദം, അത് പറഞ്ഞറിയിക്കുവാൻ പറ്റുന്നതല്ല.

Tall Trees Near Madhumanthra Resort, Munnar

മധുമന്ത്രയോടു ചേർന്ന് നിൽക്കുന്ന ഉയരമുള്ള മരങ്ങൾ

ഞങ്ങൾ പ്രഭാത ഭക്ഷണം ഒക്കെ കഴിഞ്ഞു മധുമന്ത്രയിൽ നിന്നും പോതമേട് വഴി യാത്ര തിരിച്ചു. നല്ല ഉയരത്തിൽ മേഘങ്ങളെ തൊട്ടു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ കാടിന്റെ സംഗീതം ആസ്വദിച്ച് ഞങ്ങൾ മുന്നോട്ടു പോയപ്പോൾ ഇടയ്ക്കു കണ്ട തേയില തോട്ടങ്ങളിലെ ഉയർന്ന പാറകൾ പച്ചക്കടലിൽ പൊന്തിച്ചു നിൽക്കുന്ന ചെറുമലകളെയാണ് എന്നെ അനുസ്മരിപ്പിച്ചത്. അതിൽ ചില പാറകളിൽ സഞ്ചാരികൾ തങ്ങളുടെ ഫോട്ടോഷൂട്ട് നടത്തുന്നുണ്ടായിരുന്നു.

പോതമേടും അതിനു ശേഷമുള്ള മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാമും ഒക്കെ താണ്ടി മൂന്നാർ ടൗണിൽ എത്തിയപ്പോളാണ് ഞങ്ങളുടെ വഴിയിൽ ഒരൽപം തിരക്ക് അനുഭവപ്പെട്ടത്. പക്ഷെ മൂന്നാർ ടൌൺ വിട്ടപ്പോഴേയ്ക്കും വീണ്ടും പച്ചപ്പായി, തേയിലത്തോട്ടങ്ങളുടെയും മല നിരകളുടെയും അഴകായി.

Mattupetty Dam Munnar

മാട്ടുപ്പെട്ടി ടാം

മഴയുടെ ക്ഷാമം മാട്ടുപ്പെട്ടി ഡാമിലെ ജലനിരപ്പ് കണ്ടാൽ ആർക്കും മനസ്സിലാവും, എന്നാൽ അതും കാഴ്ചയ്ക്കു ഭംഗിയേറിയതായിരുന്നു. മാട്ടുപ്പെട്ടി ഡാമിൽനിന്നും ഏകദേശം ഒരു രണ്ടല്ലെങ്കിൽ മൂന്നു കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു ആൾക്കൂട്ടം കണ്ടു ബൈക്ക് വഴിയുടെ ഓരത്തേയ്ക്കു മാറ്റി നിറുത്തി. അവിടെ പുൽമേടുകളിൽ അശേഷം കൂസലില്ലാതെ മേയുന്ന മൂന്നു ആനകൾ. അവയിൽ ഒന്ന് ഒരു തലയെടുപ്പുള്ള കൊമ്പൻ.

Elephants in Munnar

മൂന്നാറിലെ ആനകൾ

ഞങ്ങളുടെ ലക്‌ഷ്യം ടോപ് സ്റ്റേഷൻ ആയിരുന്നതിനാൽ അധികം സമയം കളയാതെ ഞങ്ങൾ മുന്നോട്ട് പോയി. ഒരു അരക്കിലോമീറ്റർ കഴിഞ്ഞപ്പോഴേയ്ക്കും പൊടി മഴ കനത്തു. തുള്ളിക്ക് ഒരു കുടം എന്ന രീതിയിൽ പെയ്ത മഴയിൽ കുളിച്ച ഞങ്ങളുടെ വഴി മൂന്നാറിലെ തേയിലത്തോട്ടങ്ങൾ നിറഞ്ഞ മലകളിലൂടെ ആയപ്പോൾ യാത്രയുടെ ആഹ്ലാദം ഇരട്ടിച്ചു.

Munar Tea Plantations

മൂന്നാറിലെ തേയില തോട്ടങ്ങൾ

കുത്തിയൊലിച്ചു പെയ്യുന്ന മഴത്തുള്ളികൾക്കിടയിലൂടെ മൂന്നാറിന്റെ വശ്യതയിലൂടെ ഞങ്ങൾ ടോപ് സ്റ്റേഷനിൽ എത്തിയപ്പോൾ മഴ ഒന്ന് നേർത്തു. ടോപ്സ്റ്റേഷനിൽ എത്തി ബൈക്ക് പാർക്കിങ്ങിൽ വെച്ച് വ്യൂ പോയിന്റിലേയ്ക്ക് നടന്നപ്പോളാണ് ഞങ്ങൾ അവളെ കണ്ടത്. ഒരു കയ്യിൽ കിളുന്നു കാരറ്റുകളും മുഖത്തു ചെറു പുഞ്ചിരിയും തലയിൽ ചുരുണ്ട മുടിയുമായി അവൾ ടോപ് സ്റ്റേഷനിൽ എത്തിയവരുടെ എല്ലാം ശ്രദ്ധ പിടിച്ചു പറ്റി. ആ ഒന്നര വയസ്സുകാരിയോടൊപ്പം കുറച്ചു നേരം കളിച്ചു ചിരിച്ച് നിന്നിട്ട് ഞങ്ങൾ ടോപ് സ്റ്റേഷൻ കാഴ്ചകൾക്കായി നടന്നു.

Munnar Mountains

മൂന്നാർ മലനിരകൾ

വഴിയിൽ വെച്ച് വിൽക്കുന്ന മര തക്കാളിയും കാരറ്റും ഒക്കെ വിട്ടു ചെറു പുളിയും ചെറു മധുരവും ഉള്ള മസാല വിതറിയ മാങ്ങാ കഷ്ണങ്ങൾ ഞങ്ങൾ വാങ്ങി. ഞാൻ മാങ്ങയുടെ രുചിയിൽ തൃപ്തനായപ്പോൾ എന്റെ സുഹൃത്ത് ചോളത്തിൽ ആയിരുന്നു താല്പര്യം കാട്ടിയതു. തണുപ്പത്ത് ചുട്ട ചോളം മസാല പുരട്ടി നാരങ്ങാ പിഴിഞ്ഞ് കഴിക്കുവാൻ ഒരു പ്രത്യേക സുഖമാണ് എന്ന് അവൻ പറഞ്ഞു.

ചോളം ചുട്ടു തയ്യാറായപ്പോഴേയ്ക്കും ഞങ്ങൾ അതിനു ചുറ്റുമുള്ള കാഴ്ചകളും കണ്ടു. ആകാശം തൊട്ട് നിൽക്കുന്ന മലനിരകൾ; അങ്ങ് ദൂരെ കാണുന്ന തമിഴ്‌നാട്ടിലെ സമനിലങ്ങൾ; ആ സമനിലങ്ങളിൽ കാണുന്ന കാറ്റാടിമില്ലുകൾ; ഇവയെല്ലാം തന്നെ ടോപ് സ്റ്റേഷന് ഒരു അലങ്കാരമാണ്. പക്ഷെ ഇവയിൽ ഒതുങ്ങുന്നില്ല ടോപ് സ്റ്റേഷൻ വിശേഷങ്ങൾ. ചോളം വാങ്ങി കഴിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടു നടന്നു. ടോപ് സ്റ്റേഷൻ വ്യൂ പോയിന്റിലേയ്ക്ക് ഒരു എൻട്രി ഫീ ഉണ്ട്. അതോടൊപ്പം അവിടെ ഉള്ള വാച്ച് ടവറിൽ കയറുവാനും ഉണ്ട് വേറൊരു എൻട്രി ഫീ. ഞങ്ങൾ വാച്ച് ടവർ ഉപേക്ഷിച്ചു വ്യൂ പോയിന്റിലേയ്ക്ക് പോയി.

Munnar Top Station View

മൂന്നാർ ടോപ് സ്റ്റേഷൻ വ്യൂ

മഴ ഇടയ്ക്കു പൊടിക്കുന്നുണ്ട് പക്ഷെ അത് സാരമാക്കാതെ ഞങ്ങൾ നടകൾ ഇറങ്ങിയപ്പോളേക്കും ഒരു കുട്ടിക്കുരങ്ങൻ എന്റെ സുഹൃത്തിന്റെ കയ്യിൽ നിന്നും ചോളം തട്ടിപ്പറിച്ചു. ബാക്കി ചോളത്തിനു വേണ്ടി വഴക്കിടാൻ നിൽക്കാതെ ഞങ്ങൾ നടകൾ ഇറങ്ങി. ടോപ് സ്റ്റേഷൻ വ്യൂ പോയിന്റിലേയ്ക്ക് ഒരു പത്തു മിനിട്ടു നടക്കണം. കുത്തനെയുള്ള നടകളും ഉണ്ട്, പക്ഷെ അത് അത്ര പ്രശ്നം എനിക്ക് അപ്പോൾ തന്നില്ല – നട ഇറങ്ങുന്നത് കൊണ്ടാവും.

Munnar Top Station View _1

മൂന്നാർ ടോപ് സ്റ്റേഷൻ വ്യൂ

നടകൾ ഇറങ്ങി താഴെ വ്യൂ പൊയറ്റിൽ എത്തിയാൽ കണ്ണിന്നു കുളിർമയും മനസ്സിന് ആഹ്ലാദവും തരുന്ന പ്രകൃതി സൗന്ദര്യം ആണ് ചുറ്റും. പുല്ലുകളും കാടുകളും ചോലകളും ഉള്ള താഴ്വാരങ്ങളും മേഘങ്ങളാൽ മൂടപ്പെട്ടു നിക്കുന്ന മലകളും വളരെ ദൂരെ കാണുന്ന തമിഴ്‌നാടൻ സമതലങ്ങളും എല്ലാം ഒരു സുന്ദര അനുഭവമാണ്. ഞങ്ങളും പ്രകൃതിയുടെ മാസ്മരവിദ്യയിൽ അൽപനേരം ലയിച്ചു നിന്നു. പക്ഷെ എന്റെ മനസ്സിൽ അപ്പോഴും മധുമന്ത്രയിലെ ഷെഫ് പറഞ്ഞ കിഴി കൊഞ്ചായിരുന്നു.

Munar Top Station Information Sheet

Distance from Munnar Town: 36 km

Entrance fee for the viewpoint: Rs. 40.00

Entrance fee for the watchtower: Rs. 20.00

Time to walk until the viewpoint: 10 to 20mts walk

Difficulty level: Normal

Best time to visit Munnar Top Station: After Monsoon until the late winter (Sep – Feb)

Nearby attractions: Mattuppety Dam, Echo point, Kundala Dam, Tea Plantations and Photo point

 

Leave a Reply

avatar
  Subscribe  
Notify of
No ratings yet.