Thengapal Mutton Curry Kerala Style

തേങ്ങാപാൽ ഒഴിച്ച് മട്ടൺ കറി ഉണ്ടാക്കി നെയ്യിൽ കറിവേപ്പിലയും ചുവന്നുള്ളിയും താളിച്ച്‌ അതും കൂട്ടി നല്ല അപ്പമോ പുട്ടോ ഒക്കെ കഴിക്കുവാൻ ഒരു ശേല് ആണ്. തേങ്ങാപ്പാലിന്റെ രുചിയും കറുവാപ്പട്ടയുടെയും കുരുമുളകിന്റെയും നെയ്യിന്റെയും വാസനയും ആ കറിയിൽ നിറഞ്ഞു നിൽക്കും. മട്ടൺ സ്ടൂ അല്ല കേട്ടോ ഇത്. മട്ടൺ സ്ടൂവിന്റെ പാചകം മറ്റൊരു ദിവസം നമുക്ക് പ്ലാൻ ചെയ്യാം, പക്ഷെ ഇന്ന് ഈ തേങ്ങാപാൽ മട്ടൺ കറി ആവാം അല്ലെ?

ചേരുവകളും പാചക രീതിയും

1. ഒന്നാം ഭാഗം

  • കുരുമുളക്, ഏലയ്ക്കാ, ഗ്രാമ്പൂ, ജീരകം, കറുവാപ്പട്ട
  • മഞ്ഞൾപ്പൊടി, മല്ലിപ്പൊടി
  • കസ്കസ് (കശകശ – Poppy Seeds)
Spices for Coconut Milk Mutton Curry

Spices for Coconut Milk Mutton Curry

കസ്കസ് അരച്ച് അതിൽ മേല്പറഞ്ഞ മസാല പൊടികളും മുഴുവൻ മസാലകളും ചേർത്ത് നന്നായി അരച്ചെടുക്കുക. അരപ്പ് നല്ല വെണ്ണപോലെ മൃദു ആവണം.

2. രണ്ടാം ഭാഗം

  • ആട്ടിറച്ചി
  • സവോള
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • ഉപ്പ്
  • തേങ്ങാപാൽ (രണ്ടാംപാൽ)

ആട്ടിറച്ചി ഇടത്തരം വലുപ്പത്തിൽ മുറിച്ച് നന്നായി കഴുകി എടുക്കണം. അതിൽ ചതുരം ചതുരമായി മുറിച്ച സവോള, കുനുകുനാ അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും, രണ്ടായി പിളർന്ന കുറേ പച്ചമുളകുകളും, ഉപ്പും കൂട്ടി ഒരു ചട്ടിയിൽ ആക്കുക. അതിൽ ഒന്നാം ഭാഗത്തിൽ നമ്മൾ ഉണ്ടാക്കിയ അരപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം.

നന്നായി മിക്സ് ചെയ്തതിനു ശേഷം അതിൽ രണ്ടാം പാലും ഒഴിച്ച് അടുപ്പിൽ നന്നായി വേവിച്ചെടുക്കണം. ചട്ടി മൂടി വെച്ച് വേവിച്ചെടുക്കുവാൻ ഓർക്കുക.

3. മൂന്നാം ഭാഗം

  • തക്കാളി
  • ഉരുളക്കിഴങ്ങു
  • മല്ലി ഇല
  • തേങ്ങാപാൽ (ഒന്നാം പാൽ)

ആട്ടിറച്ചിക്ക് മുക്കാൽ വേവാകുമ്പോൾ ഒരു വലിയ തക്കാളിയോ രണ്ടു ചെറിയ തക്കാളിപ്പഴങ്ങളോ ചതുരം ചതുരമായി മുറിച്ച് അതിൽ ചേർക്കണം. അതിന്റെ കൂടെ തന്നെ ചതുരം ചതുരമായി മുറിച്ച ഒരു ഉരുളക്കിഴങ്ങു കൂടി ചേർക്കണം. വീണ്ടും ചട്ടി മൂടിവെച്ച് ഇറച്ചി നന്നായി വേവാൻ വെയ്ക്കണം.

ഇറച്ചി നന്നായി വെന്തു കഴിഞ്ഞാൽ നമ്മുക്ക് കഴുകി മുറിച്ച് വെച്ചിരിക്കുന്ന മല്ലി ഇലകൾ അതിലേയ്ക്ക് ചേർത്ത് മിക്സ് ചെയ്യാം. അതിനു ശേഷം ഒന്നാം പാൽ അതിലേയ്ക്ക് ചുറ്റിച്ച് ഒഴിച്ച്, അടുപ്പിലെ തീ അണച്ച്, ചട്ടി മൂടി വെയ്ക്കാം.

4. നാലാം ഭാഗം

  • നെയ്യ്
  • ചുവന്നുള്ളി
  • കറിവേപ്പില

ഇനി ഒരു ചീനിച്ചട്ടിയിൽ ഒരല്പം നെയ്യ് ചൂടാക്കി അതിൽ കറിവേപ്പിലയും, അരിഞ്ഞ ചുവന്നുള്ളിയും മൂപ്പിച്ച് എടുക്കണം. അങ്ങനെ മൂപ്പിച്ചെടുത്ത ചുവന്നുള്ളിയും, കറിവേപ്പിലയും, നെയ്യും പാകമായ മട്ടൺ തേങ്ങാപാൽ കറിയിൽ തളിക്കണം. നല്ല ചൂട് മട്ടൺ തേങ്ങാപാൽ കറി കൂട്ടി ഇനി പുട്ടോ അപ്പമോ ചപ്പാത്തിയോ ഒക്കെ കഴിക്കാം.

3.7 3 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
No ratings yet.